
ചെന്നൈ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണം വൈകുന്നതായി റിപ്പോർട്ട്. ചെന്നൈ പെരമ്പൂരിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) മൂന്നു വർഷം മുമ്പ് ബെംഗളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് (ബെമൽ)ക്ക് 16 കോച്ചുകൾ വീതമുള്ള 10 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ കരാർ നൽകിയിരുന്നു. കരാർ പ്രകാരം ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ടതായിരുന്നു. എന്നാൽ, ഇതിനകം ആറുമാസം മുമ്പ് രണ്ട് ട്രെയിനുകൾ മാത്രം കൈമാറാനായിട്ടുണ്ട്. ശേഷിക്കുന്ന എട്ട് ട്രെയിനുകൾ മാർച്ചോടെ നൽകുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് രണ്ട് ട്രെയിനുകൾ മാത്രം നൽകാനാകും എന്ന് ബെമൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മാർച്ചിൽ നൽകാമെന്ന് പറഞ്ഞിരുന്ന ആ രണ്ട് ട്രെയിനുകളും ഇതുവരെ കൈമാറിയിട്ടില്ല.
ബാക്കി ആറ് ട്രെയിനുകളുടെ കൈമാറ്റം മാർച്ചിന് ശേഷം നടത്തുമെന്നാണ് പുതിയ വിലയിരുത്തൽ. എന്നാൽ, നിർമാണം എപ്പോൾ പൂർത്തിയാക്കി കൈമാറുമെന്ന് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്ന് ഐ.സി.എഫ് അധികൃതർ അറിയിച്ചു. ബെമലിൽ നിന്ന് ഇതുവരെ വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.
അതേസമയം, സ്ലീപ്പർ കോച്ചുകളോടുകൂടിയ 50 വന്ദേഭാരത് ട്രെയിനുകൾ നിർമിക്കുമെന്ന് ഐ.സി.എഫ് രണ്ടുവർഷം മുൻപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതിലെ ആദ്യ ട്രെയിൻ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. 24 സ്ലീപ്പർ കോച്ചുകൾ ഉൾപ്പെടുന്ന ട്രെയിനുകളായിരിക്കും ഇവയെന്ന് അറിയിച്ചിട്ടുണ്ട്. പാൻട്രി കാർ സൗകര്യവും ഉൾപ്പെടുത്തിയിരിക്കുന്ന ഈ ട്രെയിനുകൾ ദീർഘദൂര യാത്രകൾ കൂടുതൽ സുഖപ്രദമാക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.











